തിരുവനന്തപുരം: അഴിമതി രാഷ്‌ട്രീയം പ്രധാന വിഷയമാക്കി, സർക്കാറിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ഉപരോധം നാളെ. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എഐ ക്യാമറ അഴിമതി ഉൾപ്പടെ മുൻനിർത്തി ഇക്കഴിഞ്ഞ മെയ് 20നും യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്.
അഞ്ചുമാസം പൂർത്തിയാക്കുന്നതിനിടെയാണ് അഴിമതി വിഷയങ്ങൾ ഉയർത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതൽ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായും ഉപരോധിക്കും. കന്റോൺമെന്റ് ഗേറ്റ് ഉപരോധിക്കാൻ പോലീസ് അനുവദിക്കില്ല. തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തുക.
ആറരയോടെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎ ഗേറ്റും വളയും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങി യുഡിഎഫിന്റെ മുൻനിര നേതാക്കളെല്ലാം ഉപരോധ സമരത്തിൽ പങ്കെടുക്കും. വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഇന്ന് തന്നെ എത്തിത്തുടങ്ങും. 14 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 1500ഓളം പോലീസുകാരെ സുരക്ഷക്കായി ക്രമീകരിച്ചിട്ടുണ്ട്.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി