കൊച്ചി: എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത നടൻ വിനായകനെ അറസ്‌റ്റ് ചെയ്‌തിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ വിനായകനെതിരെയും സർക്കാരിനുമെതിരെയും വിമർശനവുമായി രംഗത്തെത്തിയത്.
ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ചു നടത്തിയ പേക്കൂത്തുകൾ മാദ്ധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്‌റ്റേഷൻ ജാമ്യത്തിൽ പറഞ്ഞു വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ അതോ ക്ളിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണോ എന്നും ഉമ തോമസ് ചോദിച്ചു.
എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തിൽ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലീസ് ഉദ്യോഗസ്‌ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും എംഎൽഎ വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെത്തി ബഹളം വെച്ചതിന് നാൻ വിനായകനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. സ്‌റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്‌റ്റ് ചെയ്‌തതെന്നും നടൻ മദ്യലഹരിയിൽ ആയിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്.
നോർത്ത് പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള കലൂരിലാണ് വിനായകൻ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരിൽ വിനായകൻ തന്നെയാണ് സ്‌റ്റേഷനിലേക്ക് വിളിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മഫ്‌തിയിൽ വനിത പോലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിതാ പോലീസിനോട് വിനായകൻ ബഹളം വെച്ചു. അതിന് ശേഷം വൈകിട്ട് ആറരയോടെയാണ് വിനായകൻ നോർത്ത് സ്‌റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. തുടർന്നാണ് കേസ് രേഖപ്പെടുത്തി അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ വിട്ടയക്കുകയായിരുന്നു.
Most Read| 18 ദിവസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ; ആശങ്കയറിയിച്ചു യുനിസെഫ്