തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിൽ സ്‌പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.
ചോദ്യം അനുവദിച്ചതില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്‌പീക്കർ ഇത്തരം വീഴ്‌ച ഉണ്ടാകാതെ നിയമസഭാ സെക്രട്ടറിയേറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരെ ആയിരുന്നു സ്‌പീക്കറുടെ റൂളിംഗ്.
ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെഡി പ്രസേനൻ ഉന്നയിച്ച ചോദ്യമാണ് വിവാദമായത്. “സംസ്‌ഥാനത്ത് ഓഖി, നിപ, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും, ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ?”- എന്നായിരുന്നു എംഎൽഎ കെഡി പ്രസേനൻ നിയമസഭയിൽ ചോദിച്ചത്.
ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കർ വഴങ്ങിയിരുന്നില്ല. ചോദ്യം അനുവദിച്ചത് ലെജിസ്ളേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്‌ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന വിധത്തിലുള്ള ചോദ്യമാണ് ചോദ്യോത്തര വേളയില്‍ മൂന്നാംനമ്പര്‍ ചോദ്യമായി ഉന്നയിക്കപ്പെട്ടത്. പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സാധാരണഗതിയില്‍ ഉന്നയിക്കാറില്ല. അതിനാല്‍ തന്നെ ഇത് ചട്ടലംഘനമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാൽ, ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ അത് നീക്കം ചെയ്യാനാവില്ലെന്ന് സ്‌പീക്കർ എംബി രാജേഷ് അറിയിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
Most Read: മുട്ടില്‍ മരം കൊള്ള; ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം