ഒരു മാസത്തിനകം വാക്‌സിനേഷൻ പൂർത്തിയാക്കും; അട്ടപ്പാടിയിലെ ജനങ്ങൾക്കായി വിവിധ പദ്ധതികൾ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ആദിവാസി മേഖലക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ട അവസ്‌ഥ വരാത്ത രീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പശ്‌ചാത്തലം മാറ്റിയെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുക തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. അട്ടപ്പാടി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തും. അട്ടപ്പാടിയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടത്തറ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്‌ളാന്റ് നിർമാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതാണ്. കോവിഡ് ചികിൽസക്ക് പുറമെ ഭാവിയില്‍ ഇതര രോഗങ്ങളുടെ ചികിൽസക്കും ഇത് പ്രയോജനപ്രദമാകും. കോവിഡ് പരിശോധന ശാസ്‌ത്രീയമാക്കുന്നതിന് അടിയന്തരമായി സിബി നാറ്റ് മെഷീന്‍ നല്‍കും. കൂടാതെ, മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് ആഴ്‌ചയിൽ ഒരു ദിവസം അട്ടപ്പാടിയില്‍ സജ്‌ജമാക്കും. ഇത്തരത്തില്‍ മേഖലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്‌സിന്‍ ഉറപ്പാക്കുന്നതാണ്. വാക്‌സിന്റെ ലഭ്യതയനുസരിച്ച് ഇതിനായി സംവിധാനമുറപ്പാക്കും. ആദിവാസി വിഭാഗത്തിലെ 45 വയസിന് മുകളിലുള്ള 82 ശതമാനത്തോളം പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്‌സിന്‍ എത്തുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതാണ്.

പുത്തൂരിലെ ഊരുനിവാസിയുമായി സംസാരിക്കുന്ന മന്ത്രി വീണാ ജോർജ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പൊതുജനാരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികള്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കും. ശിശുമരണ നിരക്കിലെ കുറവ് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കും.

പ്രത്യേകിച്ച്, ഗര്‍ഭിണികളുടെ പോഷകാഹരവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളുടെ ആഹാര ശീലങ്ങള്‍ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ ശക്‌തിപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്ത് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജൻ പ്‌ളാന്റിന്റെ ഉൽഘാടനം

കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദര്‍ശിച്ച മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ നല്‍കി. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജന്‍ പ്‌ളാന്റിന്റെ ഉൽഘാടനത്തിന് ശേഷം പുത്തൂരിൽ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണും മന്ത്രി സന്ദര്‍ശിച്ചു.

പുത്തൂർ പിഎച്ച്‌സി സന്ദർശിക്കുന്നു

അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മരുതി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെപി റീത്ത, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE