ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയെ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

ശനിയാഴ്‌ച രാത്രി എട്ടോടെയാണ് വിദ്യയെ ഭർത്താവ് സന്തോഷ് വെട്ടിപ്പരിക്കേൽപ്പിച്ചത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അഛൻ വിജയനും മുതുകിൽ വെട്ടേറ്റിരുന്നു. ഇദ്ദഹത്തിന് 12 തുന്നലുകൾ ഉണ്ട്. സന്തോഷ് ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

By Central Desk, Malabar News
Veena George visited the young woman who was in the medical college after being stabbed by her husband
വിദ്യയുടെ മാതാവിനെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണാ ജോർജ്
Ajwa Travels

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി തൂങ്ങിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്. വിജയകരമായ സർജറി വഴി കൈപ്പത്തി തുന്നിച്ചേർത്തിരുന്നു. ചികിൽസയിലുള്ള വിദ്യ ഡോക്‌ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്.

ഐസിയുവിലുള്ള ഡോക്‌ടർമാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്‌ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്‌ത്രക്രിയ നടത്താനായി.

രാത്രി 12 മണിക്ക് തുടങ്ങിയ ശസ്‌ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്‌ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്‌പർശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്‌ടർമാർ അറിയിച്ചു.

വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിൽസയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. മകളെപ്പറ്റി പറയുമ്പോള്‍ ഇരുവരും വിതുമ്പുന്നുണ്ടായിരുന്നു. മന്ത്രിയുടേയും കണ്ണ് നനഞ്ഞു. വനിത ശിശുവികസന വകുപ്പിന്റെ നിയമപരമായ സഹായവും ഉറപ്പ് നല്‍കി. മന്ത്രിയുടെ ഇടപെടലിനും ഡോക്‌ടർമാർ കൃത്യസമയത്ത് ഇടപെട്ട് ശസ്‌ത്രക്രിയ നടത്തിയതിനും അവര്‍ നിറകണ്ണുകളോടെ നന്ദിയറിയിച്ചു.

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27) താന്‍ ഭർത്താവിൽ നിന്ന് അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോള്‍ കണ്ണ് നിറയുകയായിരുന്നു. മന്ത്രി ധൈര്യം നല്‍കി, മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ ആശ്വസിപ്പിച്ചു. വിദ്യയുടെ ചികിൽസ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയില്‍ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ചികിൽസയാണ് മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്‌തത്‌. വിദ്യയുടെ ശാസ്‌ത്രക്രിയക്കും തുടര്‍ന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Most Read: അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി; വഴിയിൽ പൂട്ടി യോഗി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE