കൊച്ചി: വാടകയ്‌ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്‌ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുകയും പിന്നാലെ ആ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന് കാണിച്ച് ഒഎൽഎക്‌സിൽ പരസ്യം നൽകുകയുമാണ് ഇവരുടെ രീതി. ശേഷം വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുകയും ഡ്യൂപ്‌ളിക്കേറ്റ് താക്കോൽ ഉണ്ടാക്കുകയും ചെയ്യും. വിറ്റതിന് ശേഷം ജിപിഎസിന്റെ സഹായത്തോടെയാണ് ഇവർ വാഹനങ്ങൾ മോഷ്‌ടിക്കുക.
വാഹനം മോഷണം പോയത് കാണിച്ച് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇതിന് മുൻപും സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Also Read: വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്