ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായവുമായി നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ കുടിവെള്ള ശുദ്ധീകരണ പ്ളാന്റ് സ്‌ഥാപിച്ചു. മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾക്കും സകൂളുകൾ അടക്കമുള്ള സ്‌ഥാപനങ്ങൾക്കുമാണ് ഈ പ്ളാന്റിൽ നിന്നും കുടിവെള്ളമെത്തുക.
പരിസ്‌ഥിതി ദിനമായ ഇന്നലെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്‌ടർ മേജർ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ളാന്റ് ഉൽഘാടനം ചെയ്‌തത്. പ്രതിമാസം ഒമ്പത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിച്ചിരിക്കുന്നത്. കുടിവെള്ള പ്ളാന്റിന്റെ ഗുണഭോക്‌താക്കൾക്ക് ഇലക്‌ട്രോണിക്‌സ് കാർഡ് നൽകിയിട്ടുണ്ട്. ഇതുവെച്ചു ഒരു കുടുംബത്തിന് ആവശ്യമായ ശുദ്ധജലം പ്ളാന്റിൽ നിന്നും ശേഖരിക്കാം.
സോളാറിൽ പ്രവർത്തിക്കുന്ന പ്ളാന്റ് പൂർണമായും പരിസ്‌ഥിതി സൗഹൃദമാണ്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവർ പ്ളാന്റിന്റെ ഗുണഭോക്‌താക്കളാകും. കുട്ടനാട്ടിലെ വെള്ളത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാൽസ്യം, ക്ളോറൈഡ് എന്നിവ നീക്കി കോളി ഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്‌ടീരിയകളെ നശിപ്പിക്കുന്ന രീതിയിലുമാണ് പ്ളാന്റിലെ ശുദ്ധീകരണം നടക്കുന്നത്.
Most Read: ‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി