സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

By Staff Reporter, Malabar News
zika, dengue- prevention
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന്‍ പ്ളാൻ രൂപികരിക്കണമെന്ന് നിര്‍ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ യോഗത്തിൽ തീരുമാനമായി. മൂന്ന് വകുപ്പുകളുടേയും ഏകോപനത്തിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനാകും. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്‌തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

സംസ്‌ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ ഒരു സ്‌ഥലത്ത് മാത്രമേ സിക വൈറസ് ക്ളസ്‌റ്റർ രൂപപ്പെട്ടിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആകെ 138 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 28 പേര്‍ക്കാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. അതില്‍ നിലവില്‍ 8 പേര്‍ മാത്രമാണ് രോഗികളായുള്ളതെന്നും ബാക്കിയെല്ലാവരും നെഗറ്റീവായിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം സികയോടൊപ്പം ഡെങ്കിപ്പനിയേയും നേരിടേണ്ടതുണ്ടെന്നും എല്ലാ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ കോവിഡ് സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവൽക്കരണവും ശക്‌തമാക്കണമെന്നും ജില്ലകളില്‍ കളക്‌ടർമാരുടെ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പ് ഏറ്റെടുത്ത് എല്ലാ ജില്ലകളും പ്രവര്‍ത്തിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് ജില്ലാ അടിസ്‌ഥാനത്തില്‍ ആക്ഷന്‍ പ്ളാൻ രൂപീകരിക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം; മന്ത്രി പറഞ്ഞു.

കൂടാതെ കൊതുകിന്റെ ഉറവിട നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്‍കണമെന്നും തോട്ടങ്ങളില്‍ ചിരട്ടകള്‍, പ്‌ളാസ്‌റ്റിക് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്‌ഥയുണ്ടാകരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വീടിനകത്തും പുറത്തും കൊതുക് നിര്‍മാജനം വളരെ പ്രധാനമാണ്. സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ എന്നിവ വഴി ബോധവൽക്കരണം ഉറപ്പാക്കണം.

കോവിഡ് സാഹചര്യത്തില്‍ വാര്‍ഡടിസ്‌ഥാനത്തില്‍ മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടത്തണം. കോവിഡ് പരിശോധനകള്‍ ജില്ലകള്‍ ശക്‌തമാക്കേണ്ടതാണ്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക് എല്ലാ ജില്ലകള്‍ക്കും എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം സംസ്‌ഥാനം വലിയ അതിജീവന പ്രവര്‍ത്തനത്തിലാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കോവിഡിന്റെ ഭീകരാവസ്‌ഥ നിലനില്‍ക്കുന്ന സമയത്താണ് ചിലയിടങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടായത്. ഇതിനിടയിലാണ് സികയും ഡെങ്കിപ്പനിയും വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്‌ടർമാരും ഡിഎംഒമാരും കൂടിയാലോചിച്ച് ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കേണ്ടതാണ്; മന്ത്രി പറഞ്ഞു.

കൂടാതെ ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന ഡാറ്റയനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

യോഗത്തിൽ എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്‌ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Most Read: കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനം അനുകൂലം; ഇനി സമരമില്ലെന്ന് വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE