നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി സുപ്രീം കോടതിയും തള്ളി

By Central Desk, Malabar News
Actress assault case _ Supreme Court also rejected Victim's plea
Image by Satheesh
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി സുപ്രീം കോടതിയും തള്ളി. ഇതേ വിഷയത്തിൽ ഹൈക്കോടതി നേരെത്തെ തള്ളിയ ഹരജിയുമായാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‍ടിക്കുമെന്നും ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും ജസ്‌റ്റിസ്‌ അജയ് രസ്‌തോഗിയും ജസ്‌റ്റിസ്‌ സിടി രവികുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഇപ്പോഴത്തെ ജഡ്‌ജി വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്‌തമായ വിചാരണ ഉണ്ടാകില്ലെന്നും അതിജീവിത ആശങ്ക പ്രകടിപ്പിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

വിചാരണ കോടതി ജഡ്‌ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ട്. പോലീസിന് ലഭിച്ച ശബ്‌ദ രേഖകളിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിന് ഇതിന് തെളിവ് ഹാജരാക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി മുൻപ് തള്ളിയിരുന്നത്.

എറണാകുളം വിചാരണക്കോടതി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ്, എട്ടാം പ്രതി ദിലീപുമായി നേരിട്ടു ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നും എന്നാൽ, ദിലീപ് അഭിഭാഷകന് അയച്ച ശബ്‌ദ സന്ദേശത്തിൽ ജഡ്‌ജിയുടെ പേര് പറയുന്നുണ്ടെന്നും ആയിരുന്നു നടിയുടെ അഭിഭാഷകന്റെ മറുപടി.

പ്രതി തന്റെ വക്കീലിന് അയച്ച സന്ദേശത്തിൽ ജഡ്‌ജിയുടെ പേര് ഉള്ളതു കൊണ്ടുമാത്രം അത് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും ജഡ്‌ജിയും പ്രതിയും തമ്മിൽ ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവില്ലെന്നും ഇത് കേസിലെ വിചാരണയെ ബാധിക്കുമെന്നു കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 25 മിനിറ്റോളമാണ് സുപ്രീംകോടതിയിൽ വാദം നീണ്ടത്.

ജഡ്‌ജിയുടെ ഭര്‍ത്താവിനെതിരെ തെളിവുരഹിത ആരോപണം ഉള്ളതുകൊണ്ട് ജഡ്‌ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്നും കോടതി ചോദിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹരജികള്‍ ഇടയാക്കില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. അതിജീവിതക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, കെ. രാജീവ് എന്നിവര്‍ ഹാജരായി. ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി സ്‌റ്റാൻഡിംഗ്‌ കൗൺസൽ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.

Most Read: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE