തിരുവനന്തപുരം: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണര്‍ വ്യക്‌തമാക്കിയതോടെ സംസ്‌ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിക്കാൻ തയ്യാറല്ല.
രാഷ്‌ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്‌തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുന പരിശോധിക്കൂവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്‌ന പരിഹാരം നീളുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണറാണ്. ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വെയ്‌ക്കുന്നില്ല.
ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യസ മന്ത്രിക്കെതിരായ ഗവര്‍ണറുടെ പരാമര്‍ശം വിവാദത്തിലായത്. കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ നോമിനിയെ ഗവര്‍ണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയില്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ഗവർണറുടെ ആരോപണം.
Read Also: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും