ജറുസലേം: താൽക്കാലിക വെടിനിർത്തൽ കരാറിന് അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചു ഒന്നര മാസം പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാറിന് അനുകൂല സാഹചര്യം ഉണ്ടാവുന്നത്. ഖത്തറിന്റെ മധ്യസ്‌ഥ ചർച്ചയിലാണ് വെടിനിർത്തൽ കരാറിന് വഴിതെളിഞ്ഞത്. നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പകരം ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേലികളെ വിട്ടയക്കാനാണ് ധാരണ.
ഇക്കാര്യം വ്യക്‌തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവന പുറത്തിറക്കി. എന്നാൽ, യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ഇസ്രയലിന്റെ കസ്‌റ്റഡിയിലുള്ള 150 പലസ്‌തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് വിവരം. 46 ദിവസത്തെ പശ്‌ചിമേഷ്യൻ സംഘർഷത്തിന് ശേഷം സമാധാനത്തിലേക്കുള്ള നിർണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ നടക്കുകയായിരുന്നു.
‘എല്ലാ ബന്ധികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യപടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യഘട്ടത്തിൽ നാല് ദിവസം കൊണ്ട് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടാകും’.
‘ഇവർക്ക് പുറമെ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് ധാരണ. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കാനും, ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽ നിന്ന് മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും’- ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഹമാസിന്റെ തടവിലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ശുഭവാർത്ത ഉടൻ കേൾക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ചർച്ചകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഇസ്രയേലുമായുള്ള താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്‌മായിൽ ഹാനിയ്യ വ്യക്‌തമാക്കിയതിനു പിന്നാലെയാണ് ശുഭസൂചനയുമായി നെതന്യാഹുവും പ്രതികരിച്ചത്.
‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങളെന്നും മധ്യസ്‌ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടെലഗ്രാഫിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരുടെ മോചനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഖത്തറും വ്യക്‌തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിൽ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് ഖത്തർ വിദേശകാര്യ വക്‌താവ് അറിയിച്ചിരുന്നു.
ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണ് ബന്ദികളാക്കിയത്. അതേസമയം, അതേസമയം, ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. നിലവിൽ ഗാസയിലെ മൂന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. അൽഷിഫ, അൽ അലി, ഇന്തോനീഷ്യൻ ആശുപത്രികളാണ് ഒഴിപ്പിക്കുന്നത്. ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനം നിർത്തിയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.
Most Read| നൃത്തം ചെയ്യുന്നത് മോദിയല്ല, ഡീപ് ഫേക്കുമല്ല; ‘അപരൻ മോദി’ രംഗത്ത്