പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് ചേരുന്ന സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും, കൊലപാതകം നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്.
കുറ്റവാളികൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി കൂട്ടിച്ചേർത്തു. ഇന്ന് വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. സ്‌പീക്കർ എംബി രാജേഷും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും.
ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണൻകുട്ടി, ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നിലപാട് അറിയിക്കാൻ രാവിലെ ബിജെപി നേതാക്കൾ യോഗം ചേരും. അതേസമയം, ഇരട്ട കൊലപാതകത്തിൽ കസ്‌റ്റഡിയിലായ പ്രതികളുടെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇതിൽ കൃത്യത്തിൽ പങ്കെടുത്തവരെ സംബന്ധിച്ച് വ്യക്‌തത വരുത്തിയതിന് ശേഷമാകും അറസ്‌റ്റ് രേഖപ്പെടുത്തുക.
ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ ആറ് പ്രതികളിൽ ചിലർ ഇന്ന് വലയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതേസമയം, ജില്ലയിൽ നിരോധനാജ്‌ഞ നിയന്ത്രണങ്ങൾ കർശനമാക്കി. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിൻസീറ്റിൽ സ്‌ത്രീകളോ കുട്ടികളോ ഒഴികെ ഉള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read: കോൺഗ്രസിൽ നിന്ന് പുറത്താക്കുക ലക്ഷ്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്