തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് സിഐടിയു സംസ്‌ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. ശേഷം സംസ്‌കാരം.
പിന്നാലെ മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുക്കും. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടാണ് ആനത്തലവട്ടം ആനന്ദൻ മരണത്തിന് കീഴടങ്ങിയത്.
സിഐടിയു സംസ്‌ഥാന പ്രസിഡണ്ട്, ദേശീയ വൈസ് പ്രസിഡണ്ട് എന്നീ പദവികളിലിരിക്കേയാണ് അന്ത്യം. തൊഴിലാളികളുടെ താൽപര്യത്തിന് വേണ്ടി വിട്ടുവീഴ്‌ചയില്ലാത്ത സമീപനവുമായി പോരാടിയ രാഷ്‌ട്രീയ നേതാവാണ് ആനത്തലവട്ടം ആനന്ദൻ. വിദ്യാർഥിയായിരിക്കെ തന്നെ പൊതുപ്രവർത്തകനായി ജീവിതം തുടങ്ങിയ ആനത്തലവട്ടം ആനന്ദൻ, കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
1956ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി. 1957ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71 വരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്‌സ് സെന്റർ ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ. സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി.
1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 1985ൽ സംസ്‌ഥാന കമ്മിറ്റി അംഗവും പിന്നീട് സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1987ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ചു ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996ൽ വക്കം പുരുഷോത്തമനെ തോൽപ്പിച്ചു വീണ്ടും ആറ്റിങ്ങലിലെ ജനപ്രതിനിധിയായി. 2006ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് സി മോഹനചന്ദ്രനെ തോൽപ്പിച്ചു വീണ്ടും നിയമസഭയിലെത്തി.
Most Read| ഡെൽഹി മദ്യനയക്കേസ്; സിസോദിയക്കെതിരെ തെളിവ് എവിടെ? ചോദ്യമുന്നയിച്ചു സുപ്രീം കോടതി