ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. ഇവിടെ കടുവാ സങ്കേതത്തിന്റെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ തുറന്നുവിടാൻ പാടുള്ളൂവെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
ആനയെ കൊണ്ടുവരുന്നത് അറിയിച്ചില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ, ആനയ്‌ക്ക് പെട്ടെന്ന് തന്നെ ഇവിടെയുള്ള സ്വകാര്യ തോട്ടങ്ങളിലേക്കും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്കും എത്താനാകുമെന്നും ആരോപിക്കുന്നു. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാ സമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ മെഡിക്കൽ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് തുറന്നുവിട്ടത്.
അരിക്കൊമ്പനെ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കാത്ത വിധം സംരക്ഷിത വനമേഖലയിലേക്ക് മാറ്റുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ഇന്നാണ് മയക്കുവെടിവെച്ചത്. പുലർച്ചെ 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.
Most Read: പണി തുടങ്ങി മക്കളേ; റോഡ് ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ