ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിൽ എത്തിക്കുമെന്നും കാലാവസ്‌ഥ അനുകൂലമാണെന്നും മന്ത്രി വ്യക്‌തമാക്കി. അരിക്കൊമ്പൻ ഒറ്റയ്‌ക്കല്ല എന്നതാണ് നിലവിലെ പ്രശ്‌നം. കൊമ്പനെ ഒറ്റക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. മൂന്ന് മണിവരെ മാത്രമേ മയക്കുവെടി വെക്കാൻ നിയമം അനുവദിക്കുകയുള്ളൂവെന്നും അതിനുള്ളിൽ ദൗത്യം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, ആനയെ എങ്ങോട്ട് കൊണ്ടുപോകുമെന്നത് സംബന്ധിച്ച് പിടികൂടിയ ശേഷം വ്യക്‌തമാക്കുമെന്നും മന്ത്രി പറഞ്ഞു. മുദ്രവെച്ച കവറിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുകയാണ്. ആനയെ കണ്ടെത്തിയെങ്കിലും വെടിവെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കൂട്ടമായി ആനകൾ നിൽക്കുന്നതാണ് വെല്ലുവിളി.
രണ്ടു തവണ പടക്കം പൊട്ടിച്ചിട്ടും ആറോളം ആനകളുടെ കൂട്ടത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ ഒറ്റ തിരിക്കാൻ കഴിയാത്തതാണ് ദൗത്യം നീളാൻ കാരണം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പോലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ ആനയെ മാറ്റും.
Most Read: തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്