ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനം തയാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനത്തിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റക്ക് പകരം മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന് കൈമാറണമോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ക്രമസമാധാനത്തിന്റെ ചുമതലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്‌ഥരെ ആ സ്‌ഥാനങ്ങളില്‍ നിന്ന് മാറ്റിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കേണ്ടതെന്നാണ് കീഴ്‌വഴക്കം. ഇതിന്റെ ഭാഗമായി സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സംസ്‌ഥാന ഇലക്‌ട്രൽ ഓഫീസര്‍മാരാണ് സ്വീകരിക്കുക. അന്തിമ തീരുമാനം ജനുവരി മധ്യത്തോടെ ഉണ്ടാകുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി.
നിലവില്‍ കേരളത്തിലെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമാസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപി സ്‌ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതേസമയം, ജൂണിലാണ് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ചുമതല മറ്റൊരു ഉദ്യോഗസ്‌ഥന് നല്‍കുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്‌താൽ ലോക്‌നാഥ് ബെഹ്‌റക്ക് ക്രമാസമാധാനത്തിന്റെ ചുമതലയില്‍ ഇരുന്നുകൊണ്ട് വിരമിക്കാന്‍ കഴിയില്ലയെന്ന് സര്‍ക്കാരിലെ ചില ഉന്നതര്‍ക്ക് ആശങ്കയുണ്ട്.
Also Read: ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്‌റ്റഡി നീട്ടി ചോദിച്ച് കസ്‌റ്റംസ്