ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം: ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi-Vijayan against KT Jaleel

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്‌ടർമാര്‍ക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡോക്‌ടർമാര്‍ക്ക് എതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കാഷ്വാലിറ്റികളിലും ഒപികളിലും സിസിടിവി സ്‌ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. ആശുപത്രികളിലെ സിസിടിവി സംവിധാനം പോലീസ് എയ്‌ഡ്‌ പോസ്‌റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്‌റ്റ് ചെയ്യണം. ഇനി മുതൽ ഒപികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്‌ഥരെ നിയമിക്കുമ്പോൾ വിമുക്‌തഭടൻമാരെ തിരഞ്ഞെടുക്കണം. എന്നാൽ, നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസന സമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കല്‍ കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്‌ഥരെ ചീഫ് സെക്യൂരിറ്റി ഓഫിസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്‌ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്‌ഥാനത്ത് ഡോക്‌ടർമാർക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഐഎംഎ കേരള ഘടകം രംഗത്ത് വന്നിരുന്നു. ഡോക്‌ടർമാരെ കയ്യേറ്റം ചെയ്യുന്ന ആളുകൾക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ സംസ്‌ഥാനത്ത് വാക്‌സിനേഷൻ നടപടികൾ നിർത്തിവെക്കേണ്ടി വരുമെന്നും, ആ സാഹചര്യത്തിലേക്ക് ഡോക്‌ടർമാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോ​ഗം വിളിച്ചത്.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാർ, ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Most Read:  ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത്‌ അഭിഭാഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE