മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സ്വര്‍ണം കവരുക ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ള നിഷാദ് അലി മമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്‌റ്റ് അധ്യാപകനാണ്.
കഴിഞ്ഞ ജൂണ്‍ 16നാണ് രാമപുരം ബ്ളോക്ക് പടിയില്‍ താമസിക്കുന്ന മുട്ടത്തില്‍ ആയിഷുമ്മയെ വീട്ടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും വാരിയെല്ല് പൊട്ടിയതുമാണ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചത്. അതേസമയം ഒരു തെളിവുകളും അവശേഷിപ്പിക്കാതെ ആയിരുന്നു കൃത്യം എന്നത് പോലീസിന് വെല്ലുവിളിയായി.
എന്നാൽ വീട്ടില്‍ പാതി കുടിച്ച നിലയിൽ കണ്ടെത്തിയ ചായയും ഓംലെറ്റും കൊലയാളി മരിച്ച ആയിഷുമ്മയ്‌ക്ക് പരിചയം ഉള്ള ആളാണെന്ന സംശയമുണർത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് നിഷാദ് അലിയിലേക്ക് എത്തിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. നിഷാദിന്റെ നീക്കങ്ങളും ബാങ്ക് അക്കൗണ്ടുകളും മറ്റും നിരീക്ഷിച്ച് ശാസ്‍ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ചാണ് കസ്‌റ്റഡിയില്‍ എടുത്തത്.
അതേസമയം നിഷാദ് അലി നേരത്തെ ഒരു മോഷണ കേസിലും ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. കൂടാതെ ഓണ്‍ലൈന്‍ നെറ്റ്‌വർക്ക് ഇടപാടുകള്‍ നടത്തി 50 ലക്ഷത്തിലേറെ കടം ഉള്ള നിഷാദ് വിദ്യാര്‍ഥികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പലപ്പോഴായി പണം കടം വാങ്ങിയിരുന്നു.
Malabar News: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; രണ്ടുപേര്‍ അറസ്‌റ്റില്‍