മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്‌സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്‌പൂരിലെ ഗില്ലുർക്കർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തുടങ്ങാനുള്ള നീക്കത്തിലാണ് ഭാരത് ബയോടെക്കെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വാഷിങ്ടൺ സർവകലാശാല സ്‌കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ച് ഒരു നേസൽ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരത് ബയോടെക്. രണ്ടു ഡോസ് നൽകേണ്ടിവരുന്ന വാക്‌സിന് പകരം ഒരു ഡോസ് നൽകിയാൽ മതിയാവുന്ന വാക്‌സിന് വേണ്ടിയാണ് ശ്രമിക്കുന്നത്. നേസൽ വാക്‌സിൻ മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊറോണ വൈറസും ആക്രമിക്കുന്നത് മൂക്കിലൂടെയാണ്, ഭാരത് ബയോടെക് മേധാവി ഡോ. കൃഷ്‌ണ എല്ല വ്യക്‌തമാക്കി.
നേസൽ വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ രണ്ടാഴ്‌ചക്കകം നടത്താൻ തയാറായി കഴിഞ്ഞെന്ന് ഡോ. ചന്ദ്രശേഖര ഗില്ലുർക്കർ പറഞ്ഞു. ഡിസിജിഐക്ക് മുൻപാകെ ഇതുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
18 മുതൽ 65 വയസ് വരെ പ്രായമുള്ളവരിലും ആരോഗ്യമുള്ളവരിലുമാകും പരീക്ഷണം നടത്തുക. ഇതിനായി 30-45 വോളണ്ടിയർമാരെ തിരഞ്ഞെടുക്കും. ഭുവനേശ്വർ, പൂണെ, നാഗ്‌പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും പരീക്ഷണം നടത്തുക.
Read also: വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി