കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ അറസ്‌റ്റിലായത്. അനസ്‌തേഷ്യ സീനിയർ കൺസൾട്ടന്റ് ആണ് വെങ്കിടഗിരി.
കാസർഗോഡ് സ്വദേശിയായ അബ്ബാസ് എന്ന രോഗിയിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇയാളെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് റിമാൻഡിലായ ഡോക്‌ടർ വെങ്കിടഗിരി ജയിലിലാണ്. കാസർഗോഡ് നുള്ളിപ്പാടിയിലെ വീട്ടിൽ വെച്ചാണ് 2000 രൂപ കൈക്കൂലി വാങ്ങിയത്. മധൂർ പട്‌ള സ്വദേശി അബ്ബാസിന് ഹെർണിയ ശസ്‌ത്രക്രിയക്ക് തീയതി നിശ്‌ചയിക്കാനാണ് കാശ് വാങ്ങിയത്. വിജിലൻസ് സംഘം നൽകിയ നോട്ടുകളാണ് അബ്ബാസ് ഡോക്‌ടർക്ക് കൈമാറിയത്.
പണം വാങ്ങി കീശയിൽ ഇട്ട ഉടനെ ഡിവൈഎസ്‌പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമെത്തി ഡോക്‌ടറെ പിടികൂടുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെർണിയയുടെ ചികിൽസയ്‌ക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തി ജനറൽ സർജനെ കണ്ടിരുന്നു. അദ്ദേഹം ഓപ്പറേഷന് നിർദ്ദേശിക്കുകയും, അനസ്‌തേഷ്യ ഡോക്‌ടറായ വെങ്കിടഗിരിയെ കണ്ടു തീയതി വാങ്ങിവരാൻ നിർദ്ദേശിക്കുകയും ചെയ്‌തു.
വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെ, പരാതിക്കാരൻ തിരിച്ചുപോയി. എന്നാൽ അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി പരാതിക്കാരൻ വെങ്കിടഗിരിയെ വീണ്ടും കണ്ടിരുന്നു. എന്നാൽ, ഓപ്പറേഷൻ നേരത്തെ നടത്തണമെങ്കിൽ 2000 രൂപ കൈക്കൂലി വേണമെന്ന് ഡോക്‌ടർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിവരം പോലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്‌റ്റിലേക്ക് കടന്നത്.
Most Read| വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത് നിന്ന് അദീലയെ മാറ്റി; പകരം ചുമതല ദിവ്യ എസ് അയ്യർക്ക്