കോഴിക്കോട്: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്‌ത അംഗങ്ങളിൽ ഒമ്പത് പേർ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പടെയുള്ള ഇടതു സംഘടനയുടെ ആരോപണം.
ഡിഗ്രി വിദ്യാർഥികളുടെ അവാർഡ് ദാനവും, എംബിഎ, എംഎൽഎം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസലർ ഡോ. എംകെ ജയരാജിനെ ചാൻസലർ പരസ്യമായി ശാസിച്ചതും യോഗത്തിൽ ചർച്ചയാകും. അതേസമയം, ചാൻസലർക്കെതിരെ ഇടത് അംഗങ്ങൾ യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനും സാധ്യതയുണ്ട്.
അതിനിടെ, സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ്എഫ്ഐ. സർവകലാശാലയിൽ പ്രതിഷേധവും ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ ഇന്ന് സുരക്ഷ ശക്‌തമാക്കാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ, കെഎസ്‌യു ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് നടത്തും. നവകേരള സദസിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പോലീസ് അധിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് തലസ്‌ഥാനത്ത് കെഎസ്‌യു മാർച്ച് നടത്തുന്നത്.
പോലീസ് ആസ്‌ഥാനത്തേക്കാണ് മാർച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. രാവിലെ പത്തരക്കാണ് മാർച്ച്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്‌ഥാനം യുദ്ധക്കളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പോലീസ് ആസ്‌ഥാനത്തും പരിസരത്തും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്