ഹിപ്പോക്രാറ്റസിന് പകരം ചരക പ്രതിജ്‌ഞ; വൈദ്യ ശാസ്‌ത്രത്തിലും കാവി പടരുന്നു

By VIJINA VIJAYAN, Official Reporter
  • Follow author on
NMC
Ajwa Travels

നമ്മുടെ രാജ്യം നിലവിൽ ഭരിച്ചുകൊണ്ടിരുക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശഭക്‌തി. ഒരു സമൂഹത്തെ ഒരുമിച്ചു നിർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണിത്. ഈ തന്ത്രം ഏറ്റവും നന്നായി അതിന്റെ ഏറ്റവും ഉയർന്ന അളവിൽത്തന്നെ പ്രയോഗിക്കാൻ കേന്ദ്ര സർക്കാരിന് വ്യക്‌തമായി അറിയാം. ഇക്കാര്യത്തിൽ ഒന്നും രണ്ടും ഉദാഹരണങ്ങളല്ല നമ്മുടെ മുന്നിലുള്ളത്.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് 2020ലെ വിദ്യാഭ്യാസ നയം. മറ്റൊന്ന് അമർ ജവാൻ ജ്യോതിയുടെ ലയനമാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ തെളിയിച്ച ജ്യോതി എൻഡിഎ സർക്കാർ തൊട്ടടുത്ത് നിർമിച്ച ദേശീയ യുദ്ധസ്‌മാരകത്തിലെ ജ്യോതിയുമായി ലയിപ്പിക്കുകയായിരുന്നു. ദേശഭക്‌തിയെയും ദേശീയതയെയും മുൻനിർത്തി മുതലെടുപ്പ് നടത്തുന്ന രാഷ്‌ട്രീയ രീതി പിന്നീട് ഇങ്ങോട്ട് പല ഉദാഹരണങ്ങളിലും നമുക്ക് കാണാൻ സാധിക്കും.

ഇത്തരത്തിൽ ദേശഭക്‌തിയെന്നും ദേശീയതയെന്നും സ്വദേശിവൽക്കരണമെന്നും ചൂണ്ടിക്കാട്ടി ഏർപ്പെടുത്തുന്ന തീരുമാനങ്ങളിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഉദാഹരണം ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലുയർന്ന നിർദേശങ്ങളാണ്. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതുന്ന നീക്കങ്ങളാണ് മെഡിക്കൽ വിദ്യാർഥികളുടെ പുതിയ ബാച്ച് മുതൽ നടപ്പാക്കേണ്ടതെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്.

മെഡിക്കൽ വിദ്യാർഥികൾ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി സ്വീകരിക്കുന്ന ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞ ഇനി വേണ്ട എന്നതാണ് അതിലൊന്ന്. ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം പ്രാചീന മഹർഷി ചരകന്റെ പേരിലുള്ള ശപഥമെടുക്കണം (മഹർഷി ചരക് ശപഥ്) എന്നാണ് നിർദ്ദേശം. വിദ്യാർഥികൾക്ക് യോഗ നിർബന്ധ പഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ പറയുന്നു.

പരിശീലന കാലത്ത്, വിദ്യാർഥികൾക്ക് പത്ത് ദിവസം രാവിലെ വെറും വയറ്റിൽ യോഗ പരിശീലനം നൽകണം. ജൂൺ 21 യോഗാദിനത്തിൽ യോഗ ചെയ്യിക്കണം. ഒരു യോഗ ടീച്ചറുടെ നേതൃത്വത്തിലാകണം പരിശീലനം. യോഗ ഓറിയന്റെഷൻ 1 ആഴ്‌ച, ഫൗണ്ടേഷൻ കോഴ്സ് ആറ് മാസം മുതൽ 1 വർഷം വരെയാകാം. അവധി ദിവസങ്ങളിലോ, ക്ളാസ് മണിക്കൂറുകൾക്ക് ശേഷമോ, ഞായറാഴ്‌ചകളിലോ കോഴ്സ് നടത്താം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡണ്ട് ഡോ. അരുണ വി വാണികറുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ഏഴിന് ഓൺലൈനായി യോഗം നടന്നത്.

എന്നാൽ അന്ധവിശ്വാസങ്ങൾക്കും മത വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യർക്ക് ശാസ്‍ത്രീയമായ ചികിൽസ നൽകേണ്ട ആധുനിക വൈദ്യശാസ്‌ത്രം പരിശീലിക്കേണ്ടവർ ഇത്തരത്തിൽ ഒരു പ്രതിജ്‌ഞ ചൊല്ലുന്നതും അശാസ്‍ത്രീയമായ കാര്യങ്ങൾ ചെയ്യുന്നതും ഒട്ടും അഭിലഷണീയമല്ലെന്നാണ് ഉയർന്നുവരുന്ന വാദം. ശാസ്‌ത്രീയ ചികിൽസാ വിദ്യയുടെ പിതാവായി അറിയപ്പെടുന്ന പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസിന്റെ പേരിലുള്ള പ്രതിജ്‌ഞയാണ് നിലവിൽ മെഡിക്കൽ വിദ്യാർഥികൾ സ്വീകരിക്കുന്നത്.

രോഗങ്ങളെയും രോഗകാരണങ്ങളെയും സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യകാല വ്യക്‌തികളിൽ പ്രമുഖനായിരുന്നു ഹിപ്പോക്രാറ്റസ്. ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിജ്‌ഞയുടെ ആദ്യകാല രൂപത്തിനുപകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ളിയിൽ വെച്ച് അംഗീകരിക്കപ്പെട്ട ആധുനിക പ്രതിജ്‌ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർഥികൾ സ്വീകരിക്കുന്നത്. എന്നാൽ ഈ ശപഥത്തിന് പകരം പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരനായിരുന്ന ചരകന്റെ പേരിലുള്ള ശപഥം സ്വീകരിക്കണമെന്നാണ് ദേശീയ മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം. ഇത് എൻഎംസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ആധുനിക വൈദ്യശാസ്‌ത്രം അംഗീകരിക്കുകയും അതേസമയം അതിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന പ്രതിജ്‌ഞയെ ഒഴിവാക്കുകയും ചെയ്യുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. മാത്രമല്ല ചരകന്റെ പേരിലുള്ള ശപഥം വിദേശ വൈദ്യ ശാസ്‌ത്രത്തോടൊപ്പം കൂട്ടിച്ചേർത്താൽ സംഭവിക്കുന്നത് സ്വദേശിവൽക്കരമാണ് എന്ന ചിന്തയും വിഡ്ഢിത്തമാണ്. ആധുനിക വൈദ്യശാസ്‍ത്രത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം കാര്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിലപാട് വ്യക്‌തമാക്കി കഴിഞ്ഞു.

ചരക പ്രതിജ്‌ഞ ആധുനിക വൈദ്യശാസ്‍ത്രത്തിന്റെ കാഴ്‌ചപ്പാടിൽ രൂപം നൽകിയതല്ലെന്നും കൂടാതെ സ്‌ത്രീരോഗികളുടെ വ്യക്‌തി സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതും ശാസ്‌ത്രീയതയ്‌ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്‌ഞയിൽ ഉൾപ്പെടുന്നുവെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ചരക പ്രതിജ്‌ഞ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ആഗോള കൂട്ടായ്‌മയിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിൽസാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്നും ഐഎംഎ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

Read also: ഉത്തരാഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്; 81 ലക്ഷം വോട്ടർമാർ 632 സ്‌ഥാനാർഥികളുടെ വിധി എഴുതും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE