പൗരത്വ ഭേദഗതി നിയമം; പരിശോധന തുടങ്ങി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും

വിജ്‌ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും.

By Trainee Reporter, Malabar News
MalabarNews_anti CAA protest
Representation Image
Ajwa Travels

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ നിയമ പരിശോധന തുടങ്ങി സംസ്‌ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്.

നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർ സമരപരിപാടികൾ തീരുമാനിക്കും. അതേസമയം, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചു. വിജ്‌ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹരജി നൽകും. വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹരജിക്കാരാണ് ലീഗ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത്. മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. 2019ൽ പ്രതിഷേധങ്ങൾക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷായാണ് അറിയിച്ചത്.

പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 2014 മുമ്പ് ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വം കിട്ടും.

ജില്ലാ ഉന്നതാധികാര സമിതിയാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്ര സർക്കാർ നിശ്‌ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവർക്ക് നേരിട്ട് നൽകും. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ രൂക്ഷ വിമർശനം ഉയർത്തുകയാണ്. പൗരത്വ ഭേദഗതി നിയമ വ്യവസ്‌ഥകൾ നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

അസമിൽ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. എന്നാൽ, പ്രതിഷേധക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട്ടിൽ സിഎഎ അംഗീകരിക്കാൻ ആവില്ലെന്ന നിലപാടുമായി നടൻ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്‌ഥാനത്ത്‌ നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്‌ട്രീയ പ്രതികരണമാണിത്.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE