ന്യൂഡെൽഹി: പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് ചേരും. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇന്ന് കോൺഗ്രസ് വിളിച്ച വിശാല യോഗം മാറ്റിവച്ചിരുന്നു. ഈ മാസം മൂന്നാംവാരം യോഗം നടക്കാനാകും സാധ്യത.
പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിൽ നേതാവിനായുള്ള തർക്കം മുറുകി നിൽക്കുകയാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടു ജെഡിയു രംഗത്തെത്തിയിട്ടുണ്ട്. 2024പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്‌ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ കുറിച്ചുള്ള നിലപാട് വ്യക്‌തമാക്കി അഖിലേഷ് യാദവ് ഇന്നലെ രംഗത്തെത്തിയിരുന്നു.
ഈ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ സംഖ്യത്തെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതാണെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഭിപ്രായപ്പെട്ടത്. ഇന്ത്യ സഖ്യം ശക്‌തിപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും എസ്‌പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ പശ്‌ചാത്തലത്തിൽ ഇന്ത്യ സംഖ്യത്തിന്റെ പ്രസക്‌തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അതിനിടെ, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽ നാഥിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയിലാണ് രാജി ആവശ്യപ്പെട്ടത്. ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതിൽ ഹൈക്കമാൻഡ് നേരിൽ അതൃപ്‌തി അറിയിച്ചു. കമൽ നാഥ് ഉടൻ രാജിവെക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് കമൽനാഥ് രംഗത്തുവന്നിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ്, പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണവുമായി പിസിസി അധ്യക്ഷൻ രംഗത്ത് വന്നത്.
Most Read| തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്‌ഡി; സത്യപ്രതിജ്‌ഞ മറ്റന്നാൾ