കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി

By News Desk, Malabar News
pinarayi-vijayan-ardram Mission
Ajwa Travels

കോഴിക്കോട്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 830 കോടി രൂപ. വാക്‌സിൻ ചലഞ്ചുവഴി സമാഹരിച്ചത് ഉൾപ്പടെയുള്ള കണക്കാണിത്. 2020 മാർച്ച് 27 മുതൽ 2021 സെപ്‌റ്റംബർ 30 വരെ 830.35 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തിൽ ഈ വർഷം ഏപ്രിൽ 21 മുതൽ സെപ്‌റ്റംബർ 30 വരെ സമാഹരിച്ച 75.96 കോടിയും ഇതിൽ ഉൾപ്പെടും. ലഭിച്ച തുകയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്നാണ് വിവരാവകാശ രേഖ.

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാർ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതിക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിച്ചത് 450 കോടി രൂപയാണ്. സൗജന്യ വാക്‌സിൻ നൽകാനെന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ചിലൂടെ സമാഹരിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്‌തമാക്കി.

സിറം ഇൻസ്‍റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിൻ വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് 63 കോടി രൂപ അനുവദിച്ചതായാണ് വിവരാവകാശ രേഖയിൽ വ്യക്‌തമാക്കുന്നത്‌. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ നടപടികൾക്കായി സംസ്‌ഥാന സർക്കാർ 941.07 കോടി രൂപ ചെലവിട്ടതായും വിവരാവകാശ രേഖയിൽ പറയുന്നു.

സംസ്‌ഥാന സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിച്ച പദ്ധതികളായിരുന്നു സൗജന്യ ഭക്ഷ്യക്കിറ്റും വാക്‌സിൻ ചലഞ്ചും. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നയത്തെ തുടർന്നാണ് മുഖ്യമന്ത്രി കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള പണം സമാഹരിക്കുന്നതിനായി വാക്‌സിൻ ചലഞ്ചും പ്രഖ്യാപിച്ചു.

വ്യക്‌തികളും സഹകരണ, സ്വകാര്യ സ്‌ഥാപനങ്ങളും സംഭാവനകളുമായി രംഗത്തെത്തിയിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് കൈയയച്ച് സംഭാവനകൾ ദുരിതാശ്വാസ നിധിയിലേക്ക് വന്നുകൊണ്ടേയിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രം നയം തിരുത്തുകയും എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തതോടെ വാക്‌സിൻ ചലഞ്ചിനായി സമാഹരിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

Also Read: ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE