സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

By Desk Reporter, Malabar News
AUF Abdul Rahman_DYFI
ഔഫ് അബ്‌ദുൾ റഹ്‌മാൻ
Ajwa Travels

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സിപിഐഎം-മുസ്‌ലിംലീഗ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്‌ദുൾ റഹ്‌മാൻ (30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ മരണപ്പെട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തിന് അൽപം മുൻപ് നടന്ന സംഘർഷത്തിൽ മുണ്ടത്തോട് വാര്‍ഡ് ലീഗ് സെക്രട്ടറി ഇര്‍ഷാദിനും (32) വെട്ടേറ്റിട്ടുണ്ട്. ഇയാളെ ഗുരുതമായ പരിക്കുകളോടെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കാഞ്ഞങ്ങാട്​ നഗരസഭ പരിധിയിൽ ഇന്ന് എൽഡിഎഫ്‌ ഹർത്താൽ പ്രഖ്യാപിച്ചു.

ബുധനാഴ്‌ച (ഇന്നലെ) രാത്രിയിലാണ് ലീഗിന്റെ മുണ്ടത്തോട് വാർഡ് സെക്രട്ടറി ഇർഷാദിന് വെട്ടേറ്റിരുന്നത്. ഇതിന്റെ തുടർച്ചയാണ് ഔഫിന്റെ കൊലപാതകം. രാത്രി 11 മണിയോടെ ഔഫും സുഹൃത്ത് ഷുഹൈബും ബൈക്കിൽ യാത്രചെയ്യവേയാണ് അക്രമിസംഘം ബൈക്ക് തടഞ്ഞുവച്ച് രണ്ടുപേരെയും വെട്ടിയത്. ഷുഹൈബ് മുഖത്തേറ്റ പരിക്കുമായി ഓടി രക്ഷപ്പെട്ടു. ഔഫ് സംഭവസ്‌ഥലത്ത് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്.

മംഗളൂരിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തുടരുന്ന ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിന്റെ നില അതീവ ഗുരുതരമാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഔഫിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്.

ലീഗിന് സ്വാധീനമുള്ള മേഖലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡിഎഫിന് അനുകൂലമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം ലീഗുകാർ ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഒൻപത് മുസ്‌ലിംലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതൊക്കെയാകണം പ്രകോപനം; പ്രാദേശിക സിപിഐഎം സെക്രട്ടറി എംവി ബാലകൃഷ്‌ണൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്‌ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

പഴയ കടപ്പുറത്തെ ആയിഷയുടെയും അബ്‌ദുള്ള ദാരിമിയുടെയും മകനാണ് കൊല്ലപ്പെട്ട ഔഫ്​. ഇദ്ദേഹം വിവാഹിതനായിട്ട് രണ്ടുവർഷമേ ആയിട്ടുള്ളു. ഭാര്യ ഷാഹിന ഗർഭിണിയാണ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന ആലമ്പാടി ഉസ്‌താദിന്റെ ചെറുമകനാണ് ഔഫ്​. ഏക സഹോദരി ജുബൈരിയ.

Most Read: ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE