തിരുവനന്തപുരം: അറബിക്കടലിൽ രൂപകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്‌തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ലഭിക്കും.
ഇടിമിന്നലും കാറ്റോടുകൂടിയ മഴക്കുമാണ് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ ലഭിക്കുക. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്‌ഥാനത്ത് കാലവർഷം എത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കാം.
Most Read: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; കെ വിദ്യക്കെതിരെ കേസ്