കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു. എന്നാൽ അതിന് ശേഷമുള്ള ദിവസങ്ങളിൽ 28 ആയി ഉയർന്നതായാണ് വിവരം. അതേസമയം, മറ്റു ജില്ലകളിൽ പ്രതിദിന മരണനിരക്കിൽ കാര്യമായ വ്യത്യസം ഇല്ല.
കോവിഡ് കൺട്രോൾ റൂമിൽ നിയമിച്ചിരുന്ന ജീവനക്കാരെയാണ് ഇപ്പോൾ കൂട്ടത്തോടെ നിപ കൺട്രോൾ റൂമിലേക്ക് മാറ്റിയത്. എട്ട് ഡോക്‌ടർമാർ ഉണ്ടായിരുന്ന കോവിഡ് കൺട്രോൾ റൂമിൽ നിലവിൽ ഒരാൾ മാത്രമാണ് ഉള്ളത്. മറ്റുള്ളവരെല്ലാം നിപ കൺട്രോൾ റൂമിലാണ്. ഇതോടെ ഓക്‌സിജൻ വാർ റൂം, ഹോം ഐസൊലേഷൻ, കോവിഡ് പരിശോധനകൾ, ക്ളസ്‌റ്റർ കണ്ടെയ്‌ൻമെന്റ്, കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ, ടെലിമെഡിസിൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റുകയും ചെയ്‌തു.
ജില്ലയിലെ മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളും നടത്തിയത് കോവിഡ് കൺട്രോൾ റൂം ആണ്. ഇവിടെ നിന്നുള്ള ഇടപെടൽ കുറഞ്ഞതോടെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് വേണ്ടത്ര പരിചരണവും ചികിൽസയും കുറഞ്ഞതായും പരാതി ഉണ്ട്. നേരത്തെ ആശുപത്രിയിൽ എത്തിച്ച് 24 മണിക്കൂറിനകം ഒരാളാണ് മരിക്കുന്നതെങ്കിൽ നിപയ്‌ക്ക് ശേഷം അത് ആറ് പേരായി വർധിച്ചിട്ടുണ്ട്.
നിപ തുടങ്ങിയതിന് ശേഷം പ്രതിരോധം നല്ല രീതിയിൽ നടക്കാതായതോടെ ഇത്തരത്തിൽ 10 പേരോളം മരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം, കോവിഡ് കൺട്രോൾ സെൽ പൂർണമായി നിർത്തിയിട്ടില്ലെന്നും ചില ക്രമീകരണങ്ങളുടെ ഭാഗമായി നിപ കൺട്രോൾ റൂമിലേക്ക് മാറ്റുക മാത്രമാണ് ചെയ്‌തതെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Read Also: ഇരിക്കൂറിൽ നടന്നത് ‘ദൃശ്യം’ മോഡൽ കൊലപാതകം; സിനിമ കണ്ടിട്ടില്ലെന്ന് പ്രതി