തിരുവനന്തപുരം: തുടർ ഭരണം സ്വപ്‌നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമാകും പുറത്തുവരികയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മെയ് 2ന് പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉൽസവ കാലമായിരിക്കും എന്നും എകെ ആന്റണി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അടുത്തത് യുഡിഎഫ് സർക്കാര്‍ വരുമെന്നും ഇപ്പോഴത്തേത് കെയർ ടേക്കർ സർക്കാർ മാത്രമാണെന്നും എകെ ആന്റണി പറഞ്ഞു. ‘അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം യുഡിഎഫ് പ്രവർത്തകർ കണ്ണിൽ എണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്നും എകെ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ കോൺഗ്രസ് തിരിച്ച് വരുമെന്നും കേരളം ഇന്ത്യക്ക് വഴി കാട്ടുമെന്നും പറഞ്ഞ അദ്ദേഹം ഫലം മതേതരവാദികൾക്ക് ഉൽസവകാലമായിരിക്കും എന്നും പറഞ്ഞു.
കൂടാതെ വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഇടങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്‌ഥലങ്ങളിലും ജാഗ്രത കാണിക്കണമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
Read Also: കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍