കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും

By Desk Reporter, Malabar News
farmers reject government proposal
Ajwa Travels

ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകാൻ തീരുമാനമായി.

വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ 10ആം വട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര നിർദ്ദേശം പരി​ഗണിക്കേണ്ടന്നും നിയമം പൂർണമായും റദ്ദാക്കുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടതില്ലെന്നും തീരുമാനമായത്. ഇതനുസരിച്ച് മുൻകൂട്ടി തീരുമാനിച്ച റിപ്പബ്ളിക് ദിന ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ വ്യക്‌തമാക്കി.

നവംബർ 26ന് ആരംഭിച്ച കർഷക സമരം കേന്ദ്രവുമായി നടത്തിയ പത്ത് ചർച്ചകൾക്ക് ശേഷവും എങ്ങുമെത്താതെ ഡെൽഹിയെ പിടിച്ചുകുലുക്കുന്നത് കേന്ദ്രത്തിനെ അസ്വസ്‌ഥമാക്കുന്നുണ്ട്. അന്താരാഷ്‌ട്ര പ്രസിദ്ധീകരങ്ങൾ വിഷയത്തെ ഏറ്റെടുത്ത് തുടങ്ങിയത് സർക്കാരിന്റെ പ്രതിഛായ നിർമിതിയെയും ബാധിക്കുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പിആർ ഏജൻസികൾ ഈ വിഷയം കേന്ദ്ര ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയ കേന്ദ്ര പ്രതിനിധികളുമാണ് ഡെല്‍ഹിയിലെ വിജ്‍ഞാൻ ഭവനിൽ ഇന്നലെ നടന്ന ചര്‍ച്ചയിൽ പങ്കെടുത്തത്.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും ഈ നിയമങ്ങൾ ഒന്നര വർഷത്തേക്ക് നടപ്പിലാക്കില്ലെന്നും നിയമങ്ങൾ പിൻവലിക്കണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് കേന്ദ്ര പ്രതിനിധികൾ വ്യക്‌തമാക്കിയിരുന്നത്. അടിയന്തരമായി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും കർഷകരുടെ ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും യോഗത്തിൽ കേന്ദ്രം നിലപാട് എടുത്തിരുന്നു. എന്നാൽ ഇന്നത്തെ കർഷക സംഘടനാ യോഗം ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്.

അതേസമയം, കേന്ദ്രനീക്കം കർഷകർക്ക് മുന്നിൽ മുട്ടുമടക്കാതിരിക്കാനും അന്വേഷണ ഏജൻസികൾ ഉൾപ്പടെയുള്ള ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി അവസാനത്തോടെ കർഷക സംഘടനാ നേതാക്കളുടെ ഒരുമയെ ഭിന്നിപ്പിക്കാനും പരസ്‌പരം ആരോപണങ്ങൾ വാരിയെറിയുന്ന രീതിയിലേക്ക് നേതാക്കളെ എത്തിക്കാനുമാണ് പദ്ധതിയെന്ന്‌ ഇതുവരെയുള്ള നീക്കങ്ങൾ വ്യക്‌തമാക്കുന്നുണ്ട്. ഇതിലൂടെ സമരത്തെ പൊളിക്കാനും മനോവീര്യം കെടുത്താനും ആവശ്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒപ്പം തന്നെ, അതിർത്തി സംഘർഷം ഉൾപ്പടെയുള്ള ‘അതി വൈകാരിക’ വിഷയങ്ങൾ ‘നിർമിച്ച്’ മാദ്ധ്യമ ശ്രദ്ധയെ മാറ്റി പ്രതിഷ്‌ഠിക്കാനും ശ്രമങ്ങൾ ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.

Most Read: രാമക്ഷേത്ര നിർമാണം; നിർബന്ധിച്ച് വേതനം പിരിക്കുന്നതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE