ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന

By PR Sumeran, Special Correspondent
  • Follow author on
Director Aisha sultana
ഐഷ സുൽത്താന
Ajwa Travels

കവരത്തി: ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ പട്ടേൽ, കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഏകാധിപത്യം നടപ്പിലാക്കുന്നതായി വ്യാപക പരാതി. 2020 ഡിസംബര്‍ അഞ്ചിന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ ഏകാധിപത്യത്തെ രൂക്ഷമായി ചോദ്യം ചെയ്‌തുകൊണ്ട് ഇപ്പോൾ യുവ സംവിധായിക ഐഷ സുല്‍ത്താന രംഗത്ത്.

ദ്വീപ്‌വാസിയും സംവിധായകയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ, കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. 96 ശതമാനവും മുസ്‌ലിം സമൂഹം ജീവിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവൽകരിച്ച്‌ സാമൂഹിക ഐക്യവും സമാധാനവും തകർത്ത് പുറത്ത്നിന്നുള്ള ആളുകളെ തിരുകികയറ്റി ദ്വീപിൽ മറ്റെന്തോ ലക്ഷ്യം സാധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിലൂടെ ശ്രമിക്കുന്നത്; ഐഷ സുൽത്താന പറഞ്ഞു.

ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോകോൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യ ആശുപത്രി സംവിധാനം പോലും ലക്ഷദ്വീപില്‍ ഇല്ല. അത്രയും മോശമാണ് ദ്വീപിലെ അടിസ്‌ഥാന ആരോഗ്യമേഖല. എന്റെ സഹോദരങ്ങൾ അവിടെ യാതന അനുഭവിക്കുകയാണ്; ഐഷ വ്യക്‌തമാക്കി.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മൽസ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പ്രഫുല്‍ പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു; ഐഷ വിശദീകരിക്കുന്നു.

Praful Patel Lakshadweep Administrator
മോദിക്കൊപ്പം പ്രഫുൽ പട്ടേൽ (ഗൂഗിൾ ഫോട്ടോ)

ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. ഈ രീതിയിൽ ഏകാധിപത്യം നടപ്പിലാക്കി പ്രഫുല്‍ പട്ടേല്‍ ദ്വീപിനെ മറ്റെന്തോ ലക്ഷ്യത്തിനായി തകർക്കുകയാണ്. ഇതിനു പിന്നിൽ നീണ്ടവർഷങ്ങൾ മുന്നിൽകണ്ടുള്ള ചില പദ്ധതികൾ ഉണ്ടെന്ന് സംശയിക്കേണ്ടി വരുന്നുണ്ട്; ഐഷ സുല്‍ത്താന പറയുന്നു.

ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൽസ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകൾ വെട്ടിക്കളഞ്ഞു. പ്രതികരിക്കുന്ന ആളുകളെ മുഴുവൻ കേസിൽ കുടുക്കി വേട്ടയാടുന്നു. ഇതിലൂടെ പ്രതികരിക്കാൻ ശ്രമിക്കുന്ന ആളുകളെ മുഴുവൻ ഭയപ്പെടുത്തി വേട്ടയാടുന്ന ഫാസിസ്‌റ്റ് രീതിയാണ് വെറും എഴുപതിനായിരം സാധാരണ മനുഷ്യരുള്ള ദ്വീപിൽ കേന്ദ്രവും പ്രഫുൽ പട്ടേലും നടപ്പിലാക്കുന്നത്; ഐഷ പറഞ്ഞു.

ദ്വീപ് വിഷയത്തിൽ, പുകച്ചുപുറത്തു ചാടിക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ പാവപ്പെട്ട ജനതയുടെ ജീവനും അഭിമാനവും അവകാശങ്ങളും സംരക്ഷിക്കാൻ മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഇടപെടണമെന്നും ഐഷ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്ന കേന്ദ്രനയത്തിനെതിരെ ശക്‌തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

Director Aisha sultana
ഐഷ സുൽത്താന

ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പാശ്‌ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്‌ത ‘ഫ്ളഷ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപിലെ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

Most Read: ‘കോവിഡ് ദേവി’യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം; ലോക്ക്ഡൗൺ ലംഘിച്ച് പൂജകൾ

COMMENTS

  1. ഇത് ക്രൂരവും നിന്ദൃവും അപകടകരവുമായ നീക്കമാണ്.നിയമപരമായും രാഷ്ട്രീയമായും ചെറുക്കേണ്ടതുണ്ട്.ദ്വീപുനിവാസികള്‍ക്കൊപ്പം.

  2. തീർച്ചയായും അനീതിയാണ് ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ബിജെപിയുടെ കേന്ദ്ര നയം നടപ്പാക്കുന്നത്.. ജനാധിപത്യപരമായി പ്രധിഷേധിക്കുക തന്നെ വേണം, ഐക്യപ്പെടുക??✌️

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE