ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

By Desk Reporter, Malabar News
Diego Maradona
Ajwa Travels

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്‌ച മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. 2020 ഒക്‌ടോബർ 30ന് താൻ പരിശീലിപ്പിക്കുന്ന ഫസ്‌റ്റ് ഡിവിഷൻ ക്ളബ്ബായ ജിം‌നേഷ്യയുടെ കളി നടക്കുന്നതിനിടെയാണ് അസുഖ ബാധിതനാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ നിന്ന് ഫുട്‌ബോൾ ലോകത്തിലെ രാജാവായി വളർന്ന മറഡോണ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള അൽഭുതങ്ങൾകൊണ്ട് പ്രശസ്‌തിയുടെ കൊടുമുടി കയറുകയായിരുന്നു. 1986ൽ അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്പ്റ്റനായിരുന്നു അദ്ദേഹം. ബാഴ്‌സലോണക്കും നാപ്പോളിക്കും വേണ്ടി കളിച്ചിരുന്ന മറഡോണ ലോകത്തെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ കളിക്കാരിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.

ഫിദല്‍ കാസ്ട്രോ മറഡോണക്ക് പിതൃതുല്യനും വഴികാട്ടിയുമായിരുന്നു. കാസ്ട്രോയുടെ ചരമദിനമായ നവംബര്‍ 25നു തന്നെയാണ്‌ മറഡോണയും വിടവാങ്ങുന്നത്. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനക്കായി കളിച്ചു. 1986ലെ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു.

ഈ കളിയിൽ നേടിയ അൽഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. 4 ഇംഗ്ലീഷ്‌ താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത്‌ നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്‌ത് മുന്നിലെത്തിയാണ് മനോഹരമായ നൂറ്റാണ്ടിന്റെ ഗോൾ ഇദ്ദേഹം നേടിയത്. മറഡോണ നേടിയ ഈ ഉജ്ജ്വല ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനൽ കിരീടത്തിലേക്കും നയിച്ചത്.

ഇതേ കളിയിൽ തന്നെയാണ് കുപ്രസിദ്ധവും എന്നാൽ വിഖ്യാതവുമായ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലെ വിവാദ ഗോൾ പിറന്നതും. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിലായിരുന്നു മറഡോണ. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യിൽ തട്ടിയ പന്ത് അപ്രതീക്ഷിതമായി ഗോൾ പോസ്‌റ്റ് കടന്നു. റഫറിയുടെ കാഴ്‌ചയിൽ ‘ഹാൻഡ്ബോൾ‘ എത്തിയില്ല. അതുകൊണ്ട് റഫറി അലി ബെന്നസീർ ഇതിനെ ഗോളായി അനുവദിച്ചു.

നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കൈ ഗോളും പിറന്ന ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ രാജവാഴ്‌ച നടത്തിയത്. ആകെ 588 മൽസരങ്ങളിൽ 312 ഗോൾ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായി.

ഫുട്‌ബോൾ ലഹരിക്കൊപ്പം മയക്കുമരുന്ന് ലഹരിയും മറഡോണയുടെ ജീവിത വഴിയിൽ സ്‌ഥിരം കൂട്ടായിരുന്നു. 1991ൽ കൊക്കെയിൻ ഉപയോഗത്തിന് സസ്‌പെൻഷൻ വാങ്ങി. മൂന്നു വർഷത്തിനു ശേഷം അമേരിക്കൻ ലോകകപ്പിലും ലഹരി ഉപയോഗത്തിന് പുറത്താക്കപ്പെട്ടു. ഇത്തരത്തിലുള്ള ഏറെ വിവാദങ്ങളും മയക്കുമരുന്ന് ലഹരിമൂലം മാറഡോണ സൃഷ്‌ടിച്ചു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച്‌ ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. ഇത്തവണയും ആരാധകരുടെ പ്രതീക്ഷ തിരിച്ചുവരും എന്നായിരുന്നു.

Most Read: പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE