ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. 2001ൽ കായംകുളത്ത് താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടാണെന്നാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ. പിഎ ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്‌മരണ യോഗം ഉൽഘാടനം ചെയ്‌ത് സംസാരിക്കവേയാണ് സുധാകരന്റെ വെളിപ്പെടുത്തൽ.
തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെകെ ചെല്ലപ്പൻ തനിക്കെതിരെ നിന്ന് വോട്ട് നൽകരുതെന്ന് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറിഞ്ഞതെന്നും സുധാകരൻ പറഞ്ഞു. പുറകിൽ കഠാര ഒളിപ്പിച്ചുവെച്ചു കുത്തുന്നതാണ് പലരുടെയും ശൈലി. മനസ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു. ‘കാലുവാരൽ കലയും ശാസ്‌ത്രവുമായി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. അതിപ്പോഴുമുണ്ട്. ഇന്നലെയുമുണ്ട്, നാളെയുമുണ്ടാകും’- സുധാകരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നവകേരള സദസിനിടെ ഉണ്ടായ അതിക്രമങ്ങൾക്ക് എതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ളവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ തുറന്നടിച്ചു. സിപിഎമ്മുകാർ മാത്രം വോട്ട് ചെയ്‌താൽ ജയിക്കില്ലെന്ന് ഓർമിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ തുറന്നടിച്ചിരുന്നു.
Most Read| എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത