തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം. പ്രതി മുഹമ്മദ് അൻവറിനെതിരെ എന്‍ഐഎയും കസ്‌റ്റംസും അന്വേഷണം നടത്തും. പ്രതിക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയതായാണ് വിവരം. രാഷ്‌ട്രീയ ഉന്നതർക്കടക്കം ഇയാൾക്കൊപ്പം ഖനിയിൽ പങ്കാളിത്തമുള്ളതായാണ് സൂചന. നയതന്ത്ര സ്വർണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാൾ ഖനിയിൽ നിക്ഷേപമുള്ളതായി വെളിപ്പെടുത്തിയത്.
എൻഐഎയുടെയോ കസ്‌റ്റംസിന്റെയോ ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും നിർണായക വിവരങ്ങൾ നൽകിയതോടെ ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തി. അതിനാൽ ജാമ്യാപേക്ഷയെ എതിർത്തിരുന്നില്ല. ജാമ്യം ലഭിക്കുകയും പാസ്‌പോർട് തിരികെ ലഭിക്കുകയും ചെയ്‌ത ശേഷവും ഇയാൾ വിദേശയാത്രകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്‌ഥരില്‍ പലരും കോവിഡ് ബാധിതരായതും, ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുമെന്നാണ് നിലവിലെ വിവരം.
Most Read: തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു