കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്

By Syndicated , Malabar News
child abused in Kannur
Ajwa Travels

തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിൽസയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

കുട്ടിക്ക് മതിയായ വിദഗ്ധ ചികിൽസ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകി. എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്‌ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിൽസിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്‌തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

കേസിൽ രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരെ കേളകം പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനം തടയാതിരുന്നതിനാണ് അമ്മക്കെതിരായ നടപടി. കേസിൽ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്‌ജനയെ രതീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കൾ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Read also: എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE