തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധതരം വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇതിനോടകം സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞു. പ്രശസ്‌ത വൈറോളജിസ്‌റ്റ് ഡോ. ജേക്കബ് ജോണാണ് സമിതി അധ്യക്ഷന്‍. ചിക്കുന്‍ ഗുനിയയും ഡെങ്കിയും നിപയും ഉള്‍പ്പടെ പല വൈറല്‍ രോഗങ്ങളും പടര്‍ന്ന പിടിച്ച സംസ്‌ഥാനമാണ് കേരളം. വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തിന്റെ പലഭാഗത്തായി ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്, അടുത്ത വര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകർക്കായിരിക്കും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.