തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.
കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 10 മുതൽ 15 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. അതേസമയം, ഇടുക്കിയിൽ ശക്‌തമായ മഴയിൽ വ്യാപക നാശമാണ് റിപ്പോർട് ചെയ്‌തത്.
രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയതായാണ് വിവരം. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരപ്പറയിലുമാണ് ഉരുൾപൊട്ടിയത്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്. വടക്കൻ തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്‌തമാണ്. ഇതിന്റെ സ്വാധീന ഫലമായാണ് തുലാവർഷം ശക്‌തമാകുന്നത്.
ഒമ്പതാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ അവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. നാളെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും എട്ടാം തീയതി പാലക്കാട്, മലപ്പുറം ജില്ലകളിലും ഒമ്പതാം തീയതി ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു