ഇന്ധന സെസ് വർധനവ്; കേരളത്തിൽ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങളാണ് ഇന്ധന സെസ് വർധിപ്പിക്കാൻ നിർബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ഇന്ധന വില അടിക്കടി കൂട്ടാൻ എണ്ണക്കമ്പനികൾക്ക്‌ അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

By Trainee Reporter, Malabar News
Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ യുഡിഎഫ്, ബിജെപി പ്രതിഷേധത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന കോലാഹലങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്ക് എടുക്കുന്നില്ല. നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലുകൾ ആണ്. കേരളം കടക്കെണിയിൽ ആണെന്നും, ധൂർത്തുണ്ടെന്നത് അടിസ്‌ഥാനരഹിതമായ പ്രചരണമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങളാണ് ഇന്ധന സെസ് വർധിപ്പിക്കാൻ നിർബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ഇന്ധന വില അടിക്കടി കൂട്ടാൻ എണ്ണക്കമ്പനികൾക്ക്‌ അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണകാലത്ത് മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ ഒരു രൂപ അധിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിന് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്‌ഥാനത്തെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, കേരളത്തിന്റെ ധനകാര്യ സ്‌ഥിതിയും മുഖ്യമന്ത്രി വിശദീകരിച്ചു. 2020-21ൽ കടം കുറയുകയാണ് ഉണ്ടായത്. നാല് വർഷ കാലയളവിൽ 2.46 ശതമാനം കടം കുറഞ്ഞു. കോവിഡ് കാലത്ത് ജീവനും ജീവനോപാധിയും നിലനിർത്താൻ സർക്കാരിന് അധിക ചിലവ് വന്നു. അസാധാരണ സാമ്പത്തിക സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാലത്താണ് കടം 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേരളത്തിൽ മാത്രമല്ല എല്ലായിടത്തും ഇതായിരുന്നു സ്‌ഥിതി.

കോവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യത്തിന് വായ്‌പ എടുത്തത് മഹാപരാധമായാണ് ചീത്രീകരിച്ചത്. കേരളത്തിന് വരവില്ല എന്നതായിരുന്നു കുപ്രചരണം. നികുതി കൊള്ള എന്നത് പുതിയ അടവാണ്. കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ യുക്‌തിക്ക് നേരെ തൽപ്പരകക്ഷികൾ വെച്ച കെണിയിൽ ജനങ്ങൾ വീഴില്ല. വരുമാനം വർധിക്കുകയാണ് ചെയ്‌തത്‌. തനത് നികുതിയുടെ വളർച്ച 20 ശതമാനത്തിൽ കൂടുതലാണ്.

ജിഎസ്‌ടി വരുമാനത്തിന്റെ വളർച്ചാ നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. നികുതി പിരിവ് നടക്കുന്നില്ലെന്നത് അടിസ്‌ഥാന രഹിതമായ ആരോപണമാണ്. കേന്ദ്രത്തിന്റെ നിലപാട് മാത്രമാണ് പ്രശ്‌നങ്ങൾക്ക് കാരണം. സംസ്‌ഥാനത്തെ ധനകമ്മി 4.1 ശതമാനമാണ്. വാർഷിക വായ്‌പാ പരിധിയിൽ വെട്ടിക്കുറവ് വരുത്തുകയാണ്. 3.5 ശതമാനം വായ്‌പാ പരിധി വീണ്ടും വെട്ടിക്കുറയ്‌ക്കുകയാണ്.

സാമ്പത്തിക സ്‌തംഭനാവസ്‌ഥ സൃഷ്‌ടിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി. കേന്ദ്ര നയങ്ങളെ കുറിച്ച് പറയാൻ കോൺഗ്രസിനും യുഡിഎഫിനും എന്താണ് പ്രയാസം. കിഫ്‌ബി വഴിയുള്ള വികസനം യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Most Read: സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി- സ്‌റ്റേ നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE