കൊച്ചി: മലയാള സിനിമയിൽ എക്കാലത്തെയും ചിരിയുടെ തമ്പുരാനായ ഇന്നസെന്റിന് വിട ചൊല്ലി സിനിമ-രാഷ്‌ട്രീയ കേരളം. വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിനെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിച്ചു. വീട്ടിലെ പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് ഇന്നസെന്റിന്റെ മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ടുപോയത്.
സിനിമാ-രാഷ്‌ട്രീയ-സാംസ്‌കാരിക ലോകത്തെ നിരവധിപേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും പിന്നീട് ജൻമനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിൽ സിനിമാ-രാഷ്‌ട്രീയ രംഗത്തെ നിരവധിപ്പേരാണ് ആദരജ്‌ഞലി അർപ്പിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇന്നസെന്റിന്റെ മൃതദേഹം സ്വവസതിയായ പാർപ്പിടത്തിൽ എത്തിച്ചത്.
ചിരിയുടെ മലപ്പടക്കങ്ങൾ തീർത്ത നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത ഇന്നസെന്റ് മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത കലാകാരനാണ്. പ്രിയ കലാകാരന്റെ വിയോഗം പ്രിയപ്പെട്ടവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അഭിനേതാവ് എന്നതിനപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ചേർത്ത് പിടിച്ച വ്യക്‌തിത്വങ്ങളിൽ ഒരാളാണ് ഇന്നസെന്റ്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.
തുടർച്ചയായ അഭിനയത്തിലൂടെ ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. മികച്ച സഹനടനുള്ള സംസ്‌ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 2003 മുതൽ 2018 വരെ പ്രവർത്തിച്ചിട്ടുണ്ട്.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ഓർമകളെ അടിസ്‌ഥാനമാക്കി കഥകളും ലേഖനങ്ങളും ആത്‌മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അൽഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. മരണത്തിനപ്പുറവും പ്രേക്ഷക മനസിൽ എന്നും ഓർമിച്ചുവെക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചാണ് പ്രിയ കലാകാരൻ വിട ചൊല്ലിയത്.
Most Read: വസതി മാറൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും