മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസരത്തില്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാർഥി ഹാഫിള് ഷബീര്‍ അലിക്ക് നാലാം സ്‌ഥാനം ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ മൽസരിച്ച ഭിന്നശേഷി വിഭാഗത്തിലാണ് ഷബീര്‍ അലിയുടെ ഈ നേട്ടം. 40,000 രൂപയും പ്രശസ്‌തി പത്രവും സമ്മാനമായി ലഭിക്കും.
ഷാര്‍ജ ഹോളി ഖുര്‍ആന്‍ റേഡിയോ, ഷാര്‍ജ ഫൗണ്ടേഷന്‍ ഫോര്‍ ഹോളി ഖുര്‍ആന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസരം നടന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനി ബ്‌ളോക് പഞ്ചായത്തിലെ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനായ ഷബീര്‍ അലി മഅ്ദിന്‍ ബ്ളയ്ൻഡ് സ്‌കൂളില്‍ ഒന്നാം ക്‌ളാസ് മുതൽ വിദ്യാർഥിയാണ്.
പത്താം ക്‌ളാസില്‍ 9 എപ്ളസ് കരസ്‌ഥമാക്കി എസ്‌എസ്എൽസി പാസായ ഷബീര്‍ അലി പ്ളസ് ടുവിൽ 75 ശതമാനം മാര്‍ക്കും കരസ്‌ഥമാക്കിയിട്ടുണ്ട്. തുടര്‍ന്ന് മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ഷബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് തന്റെ അന്ധതയെ ബ്രയില്‍ ലിപിയുടെ സഹായത്തോടെ തോൽപിച്ച് ഖുര്‍ആന്‍ മനപാഠമാക്കിയത്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിരന്തര പ്രോൽസാഹനവും ഹിഫ്‌ള് അധ്യാപകരായ ഹാഫിള് ബഷീര്‍ സഅദി വയനാട്, ഖാരിഅ് അസ്‌ലം സഖാഫി മൂന്നിയൂര്‍, ഹബീബ് സഅദി മൂന്നിയൂര്‍ എന്നിവരുടെ ശിക്ഷണവുമാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലെന്ന് ഷബീര്‍ അലി പറയുന്നു.
അന്താരാഷ്‌ട്ര നേട്ടത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഷബീര്‍ അലിയെ അഭിനന്ദിച്ചു. കഴിഞ്ഞ എസ്‌എസ്‌എഫ് കേരള സാഹിത്യോൽസവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്‌ഥമാക്കിയ ഷബീര്‍ അലി, സ്‌കൂള്‍ യുവജനോൽസവില്‍ ഉര്‍ദു സംഘഗാനത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
Most Read: മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി