ജലജീവന്‍ മിഷന്‍; 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ഉടനെന്ന് മുഖ്യമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇവക്ക് പുറമെ കിഫ്ബിയിലൂടെ 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികളും സംസ്ഥാനത്ത് യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജലജീവന്‍ മിഷനിലൂടെ 716 പഞ്ചായത്തുകളില്‍ 4343 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 564 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വര്‍ധിപ്പിച്ചും, ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്‌തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്.

പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളില്‍ 380 പഞ്ചായത്തുകളിലും, 23 ബ്‌ളോക്ക് പഞ്ചായത്തുകളിലും ഉള്ള മുഴുവന്‍ വീടുകളിലും കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്‌താക്കള്‍ക്ക് ഇതിന്റെ പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാനാണ് അവര്‍ക്ക് മുന്‍തൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയില്‍തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി സുതാര്യവും സമയബന്ധിതവുമായാണ് നടപ്പാക്കുക. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏതുസമയത്തും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.

പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികളായി കേരള വാട്ടര്‍ അതോറിറ്റിയും ജലനിധിയുമാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലം വരെ സമിതികള്‍ രൂപീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Read Also: അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി

ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിയിലൂടെയും സംസ്‌ഥാനത്ത് യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി, കൊല്ലം കുടിവെള്ള പദ്ധതി വിപുലീകരണം, കൊയിലാണ്ടി കുടിവെള്ള പദ്ധതി, നെയ്യാര്‍ ഡാം ബദല്‍ സ്രോതസാക്കിയുള്ള ജലവിതരണ പദ്ധതി, കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

പാലക്കാട്ടെ അന്തര്‍സംസ്‌ഥാന നദീതല ഹബ്ബ്, വരട്ടാര്‍ നദിക്കരയിലെ നടപ്പാത നിര്‍മ്മാണം, മൂന്നാര്‍ കണ്ണിമല നദിക്ക് കുറുകേയുള്ള രണ്ട് ചെക്ക് ഡാമുകളുടെ നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.

സംസ്‌ഥാനത്ത് 239.74 കോടിയുടെ കടത്തീര സംരക്ഷണ പദ്ധതികള്‍ക്ക് കഴിഞ്ഞദിവസം തുടക്കമിട്ടിരുന്നുവെന്നും ഡാമുകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 360 കോടിയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല ഇത്തരത്തില്‍ ജലസേചന, ജലവിഭവ രംഗം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

National News: റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE