തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് എതിരെ വിവിധ സംഘടനകളുടെ സംയുക്‌ത സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്‌ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി 11 ജില്ലകളിൽ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
കെ റെയിൽ പദ്ധതിക്കെതിരെ നേരത്തെ തന്നെ യുഡിഎഫും ബിജെപിയും എതിർപ്പ് വ്യക്‌തമാക്കിയിരുന്നു. കെ റെയിൽ പദ്ധതിയെന്നാൽ കമ്മീഷൻ റെയിൽ പദ്ധതിയെന്നാണെന്നും ബംഗാളിൽ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാൽ അടുത്ത 25 വർഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് ഇതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചിരുന്നു.
അതേസമയം, കെ റെയിലിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്‌പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്‌തമാക്കുന്നില്ല എന്നുമായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട് എന്നാണ് മനസിലാവുന്നത്. എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
എന്നാൽ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തില്ലെന്നും മുരളീധരൻ വ്യക്‌തമാക്കിയിരുന്നു. അതിനിടെ പ്രതിഷേധങ്ങൾക്ക് ഇടയിലും കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടു കാര്യത്തിലുള്ള വ്യക്‌തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്‌തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും; മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും, ഇത് സംസ്‌ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷന്‍ പദ്ധതി കൂടിയാണെന്നും മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ കൂട്ടിച്ചേർത്തു.
Most Read: ‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’