മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര ഹൈക്കോടതി. അനിൽ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.
ജസ്‌റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി 15 ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കണമെന്നും, നിയമത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. ഹരജിയുമായി ബന്ധപ്പെട്ട് വാദം നടന്നപ്പോൾ ഹരജിക്കാരനായ പരംബീർ സിംഗിനെതിരെ കർശന വിമർശനം കോടതി ഉന്നയിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തുകൊണ്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്നാണ് കോടതി പരംബീർ സിംഗിനോട് ചോദിച്ചത്.
ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്‌മുഖ് മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയെന്നാണ് മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീർ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് നൽകിയ കത്തും വലിയ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി