ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം അമ്പലമുകൾ മേഖലയിൽ നടത്തിയ പരിശോധനയിൽ ഉപഭോക്‌താക്കൾക്ക് നൽകുന്ന ബില്ലിൽ ഓക്‌സിജന്റെ അളവ് വ്യക്‌തമായി എഴുതുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
സിലിണ്ടറിൽ നിറക്കുന്ന ഓക്‌സിജന്റെ അളവ് ക്യുബിക് മീറ്ററിലാണ് ബില്ലിൽ രേഖപ്പെടുത്തിയത്. എന്നാൽ കിലോഗ്രാമിലും അളവ് രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്‌ഥർ നിർദേശിച്ചു. വീടുകളിൽ നൽകുന്ന എൽപിജി സിലിണ്ടറിൽ പാചകവാതകം കിലോഗ്രാമിൽ രേഖപ്പെടുത്തണം എന്ന നിയമമുണ്ട്. ഇതേ നിയമം ഓക്‌സിജൻ സിലിണ്ടറിനും ബാധകമാണെന്നും മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സി ഷാമോൻ പറഞ്ഞു. ഇൻസ്‌പെക്‌ടർ റീനാ തോമസ്, ഇൻസ്‌പെക്‌ടിങ് അസിസ്‌റ്റന്റുമാരായ എ എക്‌സ് ജോസ്, വിഎസ് രജീഷ് എന്നിവർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
Read also: ജയിലിൽ വെള്ളമില്ല; പപ്പു യാദവ് നിരാഹാര സമരത്തിൽ