മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി 

By News Bureau, Malabar News
health minister
Ajwa Travels

തിരുവനന്തപുരം: മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമെന്ന് മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്‍ത്ര സാഹിത്യ പരിഷത്തും മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും സംയുക്‌തമായി സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈന്‍ വഴി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്‌ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിൽസ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്‌ഥകള്‍ എന്നിവ തിരിച്ചറിയുന്നതിനും ശാസ്‍ത്രീയമായ ചികിൽസ തേടുന്നതിനും ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നുള്ളതാണ് ഇതിന് പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത്. മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള തെറ്റായ ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്; മന്ത്രി വ്യക്‌തമാക്കി.

കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്‍ത്രീയമായ ചികിൽസ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നും ഇതില്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് ശാസ്‍ത്രീയമായ ചികിൽസ തേടുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് ചികിൽസാ കേന്ദ്രങ്ങളുടെയോ ചികിൽസാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമാണെന്നും ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

‘കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ ലോകത്തിലെ സാമൂഹിക സാമ്പത്തിക ക്രമങ്ങള്‍ മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആളുകള്‍ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും മാറ്റം വന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ എത്തപ്പെട്ട സാഹചര്യവുമുണ്ട്. സാമൂഹിക ഇടപെടലിലൂടെയും മറ്റുമുള്ള സാധാരണ രീതിയിലുള്ള വളര്‍ച്ച കുഞ്ഞുങ്ങള്‍ക്ക് നഷ്‌ടപ്പെടുന്നുണ്ട് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്’, മന്ത്രി പറഞ്ഞു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ആരോഗ്യതലം മുതല്‍ തന്നെ ഊര്‍ജിതപ്പെടുത്താന്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ശക്‌തിപ്പെടുത്തും. കൂടാതെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വ്യക്‌തമാക്കി.

Most Read: കൽക്കരി ക്ഷാമം; സംസ്‌ഥാനത്തും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി 

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ടി സംസ്‌ഥാന വ്യാപകമായി ഡിജിറ്റല്‍ അടിമത്വം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. ‘സ്‌നേഹ കവചം’ എന്ന ഈ പരിപാടിയുടെ ഉൽഘാടനവും മന്ത്രി നിർവഹിച്ചു.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡണ്ട് ഡോ. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. എ റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. ബിന്ദു മോഹന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാൾ ഡോ. സാറ വര്‍ഗീസ്, സൈക്യാട്രി വിഭാഗം മേധാവി ഡോ. ടിവി അനില്‍കുമാര്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള സെക്രട്ടറി ഡോ. അനൂപ് വിന്‍സന്റ്, കെഎസ്എസ്‌പി ജില്ലാ സെക്രട്ടറി എസ്എല്‍ സുനില്‍ കുമാര്‍ എന്നിവർ പങ്കെടുത്തു.

Most Read: പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിൽ; സന്ദീപ് നായർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE