കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ഡിവൈഎസ്‌പി രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടെ ആണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പോലീസിന് എതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.
അതേസമയം, ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ജനപ്രതിനിധികൾ നടത്തുന്ന സ്‌റ്റേഷൻ ഉപരോധം ഇന്നും തുടരും. വിഷയത്തിൽ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആലുവ സ്‌റ്റേഷനിലെത്തിയേക്കും.
ചൊവ്വാഴ്‌ചയാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൻ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്. തുടർന്ന് മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരിപ്പോൾ റിമാൻഡിലാണ്. ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read: ഹോട്ടലിൽ നിശ്‌ചിത സമയം കഴിഞ്ഞും മദ്യം വിളമ്പി; എക്‌സൈസ് റിപ്പോർട്