തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‌വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. കുഞ്ഞുമോന്റെ മൃതദേഹം അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
പുലിമുട്ടിലെ കാലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെയും ബിജുവിന്റെയും മൃതദേഹം. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്നാണ് കിട്ടിയത്. നാട്ടുകാരായ മൽസ്യത്തൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്‌ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. തീരത്തോട് അടുക്കവേ തിരമാലയിൽപ്പെട്ടു വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായ പത്താമത്തെ അപകടമാണിത്. അശാസ്‌ത്രീയമായ ഹാർബർ നിർമാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്നാണ് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
Most Read: കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി