ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു. വെടിയേറ്റ് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന മന്ത്രിയെ വിദഗ്‌ധ ചികിൽസക്കായി ഭുവനേശ്വർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരുമണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിചൗക്കിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്.
കാറിൽ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് മന്ത്രിയുടെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്‌ഥിതി ഗുരുതരമായ സാഹചര്യത്തിൽ വിദഗ്‌ധ ചികിൽസക്ക് വേണ്ടി ഭുവനേശ്വർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. അതേസമയം പ്രതിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ആക്രമണത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണം എന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്‌തത വന്നിട്ടില്ല. അതിനിടെ, ഗോപാൽ ദാസിന് മാനസിക പ്രശ്‌നം ഉണ്ടെന്നും, രക്‌തസമ്മർദ്ദത്തിന് മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും ഭാര്യ ജയന്തി പ്രാദേശിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അതിനിടെ, മുഖ്യമന്ത്രി നവീൻ പട്‌നായിക് അപ്പോളോ ആശുപത്രിയിലെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: ആരോഗ്യ മേഖലയിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതിയുടെ അയ്യരുകളി- വിമർശിച്ച് സുധാകരൻ