തിരുവനന്തപുരം: നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവകേരള സദസിന്റെ പേരിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പ്രതിഷേധിക്കുന്നവരെ കായികമായി നേരിടാനാണ് തീരുമാനമെങ്കിൽ, മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
കല്യാശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം- ഡിവൈഎഫ്ഐ ക്രിമിനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരുസംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയതെന്നും വിഡി സതീശൻ ചോദിച്ചു.
സിപിഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്‌തത്. യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. വലിയ തോതിലുള്ള പോലീസ് സുരക്ഷയെ മറികടന്നായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പഴയങ്ങാടിയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വൻ അക്രമം അഴിച്ചുവിട്ടു. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും ആരോപണമുണ്ട്.
മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹൻ ഉൾപ്പടെ ഏഴ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കരിങ്കൊടി കാട്ടിയവരുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ചു പ്രതിഷേധിച്ചു. നാല് വീതം കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
Most Read| മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ് സിങ്ങിന്റെ അറസ്‌റ്റിൽ വിശദീകരണം തേടി സുപ്രീം കോടതി