എടപ്പാൾ: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർക്ക് കർശന മാനദണ്ഡങ്ങളുമായി പുതിയ സർക്കുലർ ഇറക്കി. പഞ്ചായത്ത് അഡീഷണൽ ഡയറക്‌ടർ പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ ഉള്ളത്. വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർ മൂന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കണമെന്നും, പേരും ഓഫീസും തസ്‌തിക ഉൾപ്പടെയുള്ള വിവരങ്ങൾ ആദ്യം പറയണം എന്നുമാണ് സർക്കുലറിൽ പറയുന്നത്.
ഫോൺ എടുത്താൽ വ്യക്‌തമായും ഉച്ചത്തിലും സംസാരിക്കണം. വേണ്ടിവന്നാൽ സ്‌പീക്കർ ഫോണും ഉപയോഗിക്കാം. സംസാരിക്കുന്നതിനിടയിൽ വിവരങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് ആവശ്യമായത് കുറിച്ചിടണം. സൗമ്യമായ ഭാഷയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളു. സംഭാഷണം അവസാനിക്കുന്നതിന് മുൻപ് വേറെ ആർക്കെങ്കിലും ഫോൺ കൈമാറേണ്ടതുണ്ടോ എന്നും ചോദിക്കണം. തുടർന്ന് സംഭാഷണം അവസാനിച്ചു എന്ന് ഉറപ്പാക്കിയ ശേഷം നന്ദി പറഞ്ഞ് കോൾ കട്ട് ചെയ്യണം. തുടങ്ങിയവയാണ് പുതിയ സർക്കുലറിൽ പറയുന്നത്.
കൂടാതെ സ്‌ഥാപനത്തിൽ ഫോൺ ഉപയോഗത്തിനും കർശന മാനദണ്ഡങ്ങൾ ഉണ്ട്. ഓഫിസിലുള്ളപ്പോൾ സ്വന്തം ഫോൺ ശബ്‌ദം കുറച്ച് വെക്കുകയോ, കഴിവതും വൈബ്രേഷൻ മോഡിൽ ഇടുകയോ ചെയ്യണം. ഒരു വ്യക്‌തി ഓഫീസിലേക്കു വന്നാലും ഇതേ കാര്യങ്ങൾ തന്നെ നിറവേറ്റണം. ഓഫിസിൽ വരുന്ന ആളുകളോട് സൗമ്യമായ രീതിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, അയാൾക്ക് വേണ്ടത് ചെയ്‌ത് കൊടുക്കണമെന്നും സർക്കുലറിൽ ഉണ്ട്.
പഞ്ചായത്ത് വകുപ്പിന് കീഴിലെ ഓഫിസുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, സേവനങ്ങളുടെ വേഗത എന്നിവ വർധിപ്പിക്കാനുമാണ് പുതിയ സർക്കുലർ ഇറക്കിയതെന്ന് പഞ്ചായത്ത് അഡിഷണൽ ഡയറക്‌ടർ പറഞ്ഞു.
Read Also: ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി